ഡോ. ഹാരിസിന്റെ പ്രതിഷേധം ഫലം കണ്ടു: ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ എത്തി; മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ തുടങ്ങി

 ഡോ. ഹാരിസിന്റെ പ്രതിഷേധം ഫലം കണ്ടു: ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ എത്തി; മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു.

ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്ന് പറച്ചില്‍ ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടല്‍ ഉണ്ടായത്.

അതേസമയം ഡോ.ഹാരിസിന്റെ തുറന്ന് പറച്ചിലില്‍ വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുകയാണ്. ഡോക്ടര്‍ ഹാരിസിനെ പിന്തുണച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇന്നും രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.

ഡോക്ടേഴ്സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു. അമിത ജോലി ഭാരം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ എണ്ണം കൂട്ടണമെന്നും ശമ്പളപരിഷ്‌കരണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉപകരണ ക്ഷാമത്തെപ്പറ്റി തുറന്ന് പറഞ്ഞതിന് ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ കടുത്ത പ്രതിഷേധത്തിലേക്ക് പോകുമെന്നും കെജിഎംസിടിഎ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.