ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐ മാതാപിതാക്കളുടെ ആവശ്യപ്രകാരം പുതിയൊരു ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത, ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികള്‍ക്ക് ഇനി യുപിഐ ഇടപാടുകള്‍ നടത്താനാവും. യുപിഐ സര്‍ക്കിള്‍ സേവനത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുക.
ഗൂഗിള്‍ പേ, ഭീം പോലുള്ള ആപ്പുകളില്‍ ലഭ്യമായ ഡെലിഗേറ്റഡ് പേമെന്റ് ഫീച്ചറാണ് യുപിഐ സര്‍ക്കിള്‍. ഇതുവഴി ഒരു പ്രൈമറി ഉപയോക്താവിന് (രക്ഷിതാവ് ) അയാളുടെ ബാങ്ക് അക്കൗണ്ടിനെ മറ്റൊരു സെക്കന്‍ഡറി ഉപയോക്താവുമായി ബന്ധിപ്പിക്കാനാവും. സെക്കന്‍ഡറി ഉപയോക്താവ് കുട്ടികളാണെങ്കില്‍ അവര്‍ക്ക് അവരുടെ ഫോണിലെ ആപ്പില്‍ നിന്ന് രക്ഷിതാവിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനാവും.
അതേസമയം സെക്കണ്ടറി ഉപയോക്താവ് നിയന്ത്രണമില്ലാതെ പണം ചിലവാക്കുമെന്ന പേടിയും വേണ്ട. ആവശ്യമെങ്കില്‍ സെക്കന്‍ഡറി ഉപഭോക്താവിന് നടത്താവുന്ന ഇടപാടിന് പരിധി നിശ്ചയിക്കാനും പ്രൈമറി ഉപഭോക്താവിന്റെ അനുമതി നിര്‍ബന്ധമാക്കാനും സാധിക്കും.
ഇടപാടുകള്‍ നിങ്ങളുടെ യുപിഐ ഐഡിയിലൂടെയാണ് നടക്കുക. എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ യുപിഐ പിന്നോ സെക്കണ്ടറി ഉപഭോക്താവിന് ലഭിക്കുകയില്ല. ദിവസേന ചിലവാക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനും ഓരോ ഇടപാടും പ്രത്യേകം അനുമതി നിര്‍ബന്ധമാക്കാനും സാധിക്കും.