15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്ധനം നല്‍കുന്നില്ല; കട്ടപ്പുറത്താകുന്നത് 62 ലക്ഷം വാഹനങ്ങള്‍

15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്ധനം നല്‍കുന്നില്ല; കട്ടപ്പുറത്താകുന്നത് 62 ലക്ഷം വാഹനങ്ങള്‍

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നല്‍കരുതെന്ന നിയന്ത്രണം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങി. പതിനഞ്ച് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം ലഭിക്കില്ല. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പഴയ വാഹനങ്ങള്‍ നിരത്തിലോടുന്നത് വായു മലിനീകരണം രൂക്ഷമാകുന്നതിന് ഇടയാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടി. വായു മലിനീകരണ മേല്‍നോട്ട സമിതിയുടെ നിര്‍ദേശ പ്രകാരം നിശ്ചിത കാലാവധി കഴിഞ്ഞ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ എന്‍സിആര്‍ മേഖലയിലെ ഒരു പമ്പില്‍ നിന്നും പെട്രോള്‍ നല്‍കിയില്ല. 62 ലക്ഷം വാഹനങ്ങളാണ് ഡല്‍ഹിയില്‍ കാലാവധി കഴിഞ്ഞതായി കണക്കിലുള്ളത്.

പഴയ വാഹനങ്ങളുമായി എത്തുന്നവരെ കണ്ടെത്താന്‍ പമ്പുകളിലെല്ലാം പ്രത്യേകം ക്യാമറകളും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. പഴയ വണ്ടികളുമായി ഇന്ന് പമ്പിലെത്തിയ പലരും കുടുങ്ങി. പൊളിക്കാന്‍ സമയമായിട്ടും നിരത്തിലിറക്കിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഈ വാഹനങ്ങള്‍ പിഴയിട്ട് സ്‌ക്രാപ്പിങ് കേന്ദ്രത്തിലേക്ക് മാറ്റും.

വാഹനത്തെ ആക്രിയായി കണക്കാക്കിയുള്ള തുക ഉടമയ്ക്ക് നല്‍കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. നടപടിയില്‍ വാഹന ഉടമകളും പമ്പുടമകളും കടുത്ത പ്രതിഷേധം അറിയിച്ചു. ബിജെപിക്ക് സര്‍ക്കാറിനെ നയിക്കാനറിയില്ലെന്ന് വ്യക്തമായെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ മാത്രമേ നടപടികൊണ്ട് സാധിക്കൂവെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.