നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരിക്കും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് നാട്ടുകല്‍ സ്വദേശിയായ മുപ്പത്തെട്ടുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിസ്റ്റിയൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ചിരിക്കുകയാണ്.

രോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും.

രണ്ട് ജില്ലകളില്‍ ജില്ലാ തലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിങ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.