കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ശേഷം നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന അദേഹം ഇന്ന് കൊച്ചിയില്‍ തങ്ങും. പത്നി ഡോ. സുദേഷ് ധന്‍കറും ഒപ്പമുണ്ടാകും.
നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി തൃശൂരിലേക്ക് പോകും. തുടര്‍ന്ന് കളമശേരിയില്‍ തിരിച്ചെത്തും. 10:40 ന് നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളും അധ്യാപകരുമായി സംവാദം നടത്തും.
ഉപരാഷ്ടപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നേവല്‍ ബേസ്, എംജി റോഡ്, ഹൈക്കോടതി, ബോള്‍ഗാട്ടി ഭാഗങ്ങളിലും നാളെ രാവിലെ എട്ട് മുതല്‍ ഒന്ന് വരെ നാഷണല്‍ ഹൈവേ 544, കളമശേരി എസ്‌സിഎംഎസ്, എച്ച്എംടി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ ജംക്ഷന്‍, മെഡിക്കല്‍ കോളജ് റോഡില്‍ കളമശേരി ന്യൂവാല്‍സ് എന്നിവിടങ്ങളിലും ഗതാഗതം നിയന്ത്രിക്കും.