തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്കും വിസിക്കുമെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്ഭവനിലേക്ക് എസ്എഫ്ഐ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് സര്‍വകലാശാലയിലേക്ക് ഡിവൈഎഫ്ഐയും മാര്‍ച്ച് നടത്തും. സര്‍വകലാശാലയില്‍ കാവിവല്‍ക്കരണമെന്ന് ആരോപിച്ചാണ് മാര്‍ച്ച്. കേരള വിസി മോഹന്‍ കുന്നമ്മലിനെതിരെയാണ് പ്രതിഷേധം.
അതിനിടെ സര്‍വകലാശാലയിലെ വിസി-രജിസ്ട്രാര്‍ പോരും രൂക്ഷമായി. അവധി അപേക്ഷ നല്‍കിയ രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനോട് സസ്പെന്‍ഷനിലുള്ള ഒരാള്‍ക്ക് എന്തിനാണ് അവധി എന്നാണ് വി.സി ചോദിച്ചത്. എന്നാല്‍ തന്റെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കിയതാണ് എന്നായിരുന്നു രജിസ്ട്രാറുടെ മറുപടി.
സസ്പെന്‍ഷനിലുള്ള രജിസ്ട്രാര്‍ അനില്‍കുമാര്‍ അനുമതിയില്ലാതെ സര്‍വകലാശാല ക്യാമ്പസില്‍ കടക്കുന്നതിന് വിസി വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതുമറികടന്ന് അനില്‍കുമാര്‍ ഇന്ന് സര്‍വകലാശാലയിലെത്തുമെന്നാണ് സൂചന.