സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു; കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് മോചനം

സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു; കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് മോചനം

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍ മോചനം അനുവദിച്ചു. ഷെറിന്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്ന് കേസുകളിലായി 11 പേര്‍ക്കാണ് മോചനം ലഭിക്കുന്നത്.

നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്ക് ശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടി ആകുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസുകളില്‍പ്പെട്ട രണ്ട് പേര്‍ ഉള്‍പ്പെടെയാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍ വരുന്നത്. മലപ്പുറത്തും തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളില്‍ അഞ്ച് വീതം പ്രതികളാണുള്ളത്. 2009ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്ന് പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.