തിരുവനന്തപുരം: നിതി ആയോഗിന്റെ 'ഗോള്‍ ഓഫ് ഗുഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് ഇന്‍ഡെക്‌സി'ല്‍ കേരളം നാലാം സ്ഥാനത്ത്. പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് 2018-19, 2019-20 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. ആത്മഹത്യയും റോഡപകടങ്ങളും മാനദണ്ഡം ആയതോടെയാണ് സൂചികയില്‍ കേരളം താഴേക്ക് പോയത്.
പുതിയ ഘടകങ്ങള്‍ വന്നതോടെ 2020-21ല്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് പോയ സംസ്ഥാനത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണ് ഇപ്പോഴത്തെ നാലാം സ്ഥാനമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഏറ്റവും പുതിയ വിലയിരുത്തല്‍ (2023-24) പ്രകാരം 90 പോയിന്റ് നേടിയ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 84 പോയിന്റ് നേടിയ മഹാരാഷ്ട്രയും ഉത്തരാഖണ്ഡും രണ്ടാമതും. 83 പോയിന്റുള്ള ഹിമാചല്‍ പ്രദേശാണ് മൂന്നാമത്. കേരളത്തിനൊപ്പം 80 പോയിന്റോടെ കര്‍ണാടകവും നാലാം സ്ഥാനത്തുണ്ട്.
2030-ഓടെ സുസ്ഥിര ലക്ഷ്യം നേടുന്നതിനായി ആവിഷ്‌കരിച്ച ഘടകങ്ങളാണ് വിലയിരുത്തിയിട്ടുള്ളത്. മാതൃമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം, ക്ഷയരോഗം, ഒമ്പത് മുതല്‍ 11 മാസം വരെയുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവെപ്പ്, എച്ച്‌ഐവി ബാധിതര്‍, ആയുര്‍ ദൈര്‍ഘ്യം, ആശുപത്രികളിലെ പ്രസവം, സ്വന്തം കീശയില്‍ നിന്നുള്ള ചികിത്സച്ചെലവ്, ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം തുടങ്ങി 11 ഘടകങ്ങളാണ് വിലയിരുത്തിയത്. ഇതില്‍ റോഡപകട നിരക്ക്, ചികിത്സച്ചെലവ്, ആത്മഹത്യ എന്നിവയിലെ ഉയര്‍ന്ന നിരക്കാണ് കേരളത്തിന് തടസമായത്.
ആത്മഹത്യ നിരക്ക് ലക്ഷത്തില്‍ നാല് എന്നതാണ് ദേശീയ ലക്ഷ്യമെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഇത് 28.5 ആണ്. റോഡപകടങ്ങളില്‍ ഇവിടെ ലക്ഷത്തില്‍ 12.1 ആണ് മരണ നിരക്ക്.