തിരുവനന്തപുരം: ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 ന്റെ അറ്റകുറ്റപ്പണി അതീവ രഹസ്യമായി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിട്ട് 22 ദിവസമായി. വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലായിരുന്ന വിമാനം ഉണ്ടായിരുന്നത്. ഇപ്പോള്‍ വിമാന അറ്റകുറ്റപ്പണി നടത്തുന്ന എയര്‍ ഇന്ത്യയുടെ ഹാങര്‍ യൂണിറ്റിലാണ്.
ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിന് അറബിക്കടലിലെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 14-ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
വിമാനം നന്നാക്കാനായി ബ്രിട്ടീഷ്-അമേരിക്കന്‍ വിദഗ്ധസംഘം കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തെത്തിയത്. ബ്രിട്ടീഷ് സൈനികരുടെ കനത്ത കാവലില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. നിലവില്‍ രണ്ടാം ഹാങറിലുള്ള സുരക്ഷാജീവനക്കാരെ ഒഴിവാക്കിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
വിമാനം തകരാര്‍ പരിഹരിച്ച് പറത്തിക്കൊണ്ടുപോകാനാണ് ബ്രിട്ടീഷ് അധികൃതര്‍ ശ്രമിക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനും പുറത്തുനിന്ന് ചാര്‍ജ് നല്‍കുന്ന ഓക്സിലറി പവര്‍ യൂണിറ്റിനും തകരാറുകളുണ്ടെന്നാണ് സൂചന.