ക്രിപ്‌റ്റോ വഴിയുളള ഹവാല ഇടപാടില്‍ വന്‍ വര്‍ധനവ്; കൂടുതലും ദുബായില്‍നിന്ന് കേരളത്തിലേക്ക്

ക്രിപ്‌റ്റോ വഴിയുളള ഹവാല ഇടപാടില്‍ വന്‍ വര്‍ധനവ്; കൂടുതലും ദുബായില്‍നിന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് കേരളത്തിലേക്കാണ് ഇത്തരത്തിലുള്ള പണം കൈമാറ്റം കൂടുതലായും നടക്കുന്നത്. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കും കൈമാറ്റം നടക്കുന്നുണ്ടെന്ന് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണവും ക്രിപ്‌റ്റോ ഇടപാടിലൂടെ കൈമാറ്റം ചെയ്യുന്നുണ്ട്. പണം ക്രിപ്‌റ്റോ ഏജന്റിന് നല്‍കിയാല്‍ അത് നാട്ടിലുളള ക്രിപ്‌റ്റോ ഏജന്റിന് എത്തുകയും പറയുന്നയാള്‍ക്ക് പണം ഇന്ത്യന്‍ രൂപയായി നല്‍കുകയും ചെയ്യുന്നുണ്ട്. വിദേശത്തുവെച്ച് പണം കൈപ്പറ്റുന്ന ക്രിപ്റ്റോ ഏജന്റ് ആ പണം നാട്ടിലേക്കയക്കാതെ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കും. ഓണ്‍ലൈന്‍ തട്ടിപ്പുനടത്തി മുന്നേത്തന്നെയുണ്ടാക്കിയ പണം അയാള്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റിവെച്ചിട്ടുണ്ടാവും. അതാണ് നാട്ടിലുള്ള ഏജന്റിന് കൈമാറുന്നത്.

ചുരുക്കത്തില്‍ തട്ടിപ്പുപണം കൈമാറുന്നതിനുള്ള വഴിയായി ക്രിപ്‌റ്റോ ഇടപാടുകള്‍ മാറുന്നു. ഇത്തരം ഒട്ടേറെ കേസുകള്‍ സംബന്ധിച്ച് സൈബര്‍ ക്രൈംവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഏജന്റുമാര്‍ക്ക് ക്രിപ്‌റ്റോ കറന്‍സി ലഭിച്ചിരിക്കുന്നത് രാജ്യത്തിന് പുറത്തുനിന്നുള്ള രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്ലാറ്റ്‌ഫോം വഴിയാണ് എന്നതിനാല്‍ മറ്റുവിവരങ്ങള്‍ ലഭിക്കുന്നുമില്ല. അതേസമയം, ചൈനയില്‍ നിന്ന് ഉള്‍പ്പടെയുള്ള രജിസ്‌ട്രേഡ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം വഴിയുള്ള ഇടപാടുകളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തിനുപുറത്തുള്ള ചില പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചതായും സൈബര്‍ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

നികുതിവെട്ടിപ്പിനായി ക്രിപ്‌റ്റോ ഇടപാട് നടക്കുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് മൂന്നുമാസം മുന്‍പ് ആദായനികുതി വകുപ്പ് കേരളത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. പത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഇത്തരം സംശയത്തിന്റെ അടിസ്ഥാനത്തില്‍ മരവിപ്പിക്കുകയും ചെയ്തു. അഞ്ഞൂറോളം ബാങ്ക് അക്കൗണ്ടുകളുണ്ടായിരുന്ന ഒരു ക്രിപ്‌റ്റോ ഏജന്റിന്റെ വിവരങ്ങളും അന്ന് ലഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.