പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അവരുടെ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എൽസിയുടെ നില ഗുരുതരമാണ്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലി കഴിഞ്ഞ് തിരിച്ചെത്തി വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിന് ശേഷം മക്കള്‍ക്കൊപ്പം പുറത്ത് പോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റു. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററി ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാൻ കാരണമെന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസം മുമ്പാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്.