കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.
നിര്‍ദേശങ്ങള്‍ യുക്തിപരമല്ലെന്നും ഏകപക്ഷീയമായി വാഹന നിരോധനം ഉള്‍പ്പെടെ അടിച്ചേല്‍പ്പിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് നടപടി.
കേരളം പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കടന്നു കയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രധാന വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കിയത്. ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും.
ലൈസന്‍സ് പരീക്ഷകള്‍ പ്രതിദിനം മുപ്പത് എണ്ണമാക്കുകയും, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ രീതി എന്നിവയുള്‍പ്പെടെ ആയിരുന്നു കേരളം പ്രഖ്യാപിച്ച പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം.
ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കരുത്, ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷക്ക് കാലില്‍ ഗിയറുള്ള വാഹനം, കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ലെന്നുള്‍പ്പെടെ ആയിരുന്നു നിര്‍ദേശങ്ങള്‍.