ആലപ്പുഴ: ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ കാണാതായ കായംകുളം പത്തിയൂര്‍ സ്വദേശി ആര്‍. അനില്‍കുമാര്‍ കുടുംബത്തെ ഫോണില്‍ വിളിച്ചു. താന്‍ യമനിലുണ്ടെന്നാണ് അനില്‍ കുമാര്‍ കുടുംബത്തെ അറിയിച്ചത്. എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും പറയാതെ വേഗത്തില്‍ ഫോണ്‍ വെച്ചെന്നും കുടുംബം പറഞ്ഞു.
യമന്‍ സൈന്യത്തിന്റെ പിടിയിലാണ് അനില്‍ എന്നാണ് സൂചന. ഈ മാസം പത്തിനൊന്നിനാണ് ചെങ്കടലില്‍ ഹൂതികള്‍ ചരക്ക് കപ്പല്‍ ആക്രമിച്ചത്.
ബന്ദിയാക്കിയവരില്‍ അനില്‍കുമാര്‍ ഉണ്ടെന്നാണ് കുടുംബം പറഞ്ഞിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദേഹത്തെ കാണാന്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1:45 നാണ് ശ്രീജയുടെ ഫോണിലേക്ക് അനില്‍കുമാര്‍ വിളിച്ചത്. മകനോട് സംസാരിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അനില്‍കുമാറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഗ്രീക്ക് കമ്പനിയുടെ ലൈബീരിയന്‍ റജിസ്‌ട്രേഷനുള്ള 'ഏറ്റേണിറ്റി സി' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 30 ഓളം ജീവനക്കാര്‍ ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
കപ്പലില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ ആറ് പേരെ യൂറോപ്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കപ്പലില്‍ വച്ച് തന്നെ മരണപ്പെട്ടിരുന്നു. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായാണ് ഏറ്റേണിറ്റി-സിക്കെതിരെയുള്ള ആക്രമണത്തെ കണക്കാക്കുന്നത്.