തിരുവനന്തപുരം:കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐയിലേക്ക് കുടിയേറിതായി സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍. 2022 ലെ പിഎഫ്ഐ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തകര്‍ എസ്ഡിപിഐ എന്ന പുതിയ സംഘടനയുണ്ടാക്കി അതിലേക്ക് മാറിയെന്നും ഡിജിപി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം.
പിഎഫ്‌ഐ നിരോധനത്തിന് ശേഷം കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ശന നടപടിയെടുത്തിരുന്നു. അനുഭാവ ഉള്ളവര്‍ എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ച് വേണ്ടത്ര നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. രാജ്യത്ത് നര്‍കോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് വന്‍തോതില്‍ വിദേശ രാസലഹരി എത്തുന്നു. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പൊലീസ് പദ്ധതി തയ്യാറാക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. ലഹരിക്കെതിരെ കേരള പൊലീസ് വന്‍ സംയുക്ത ഓപ്പറേഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ സ്‌നേഹത്തോടെ പെരുമാറണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പരാതിക്കാരുടെ വിഷമം ഉള്‍ക്കൊണ്ട് പറ്റുന്ന സഹായം ചെയ്യണം. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ പൊതുവില്‍ കുറവാണ്. ക്രൈം റേറ്റ് ഉയരുന്നത് എല്ലാ കുറ്റങ്ങള്‍ക്കും കേസ് എടുക്കുന്നതിനാലാണ്. സംസ്ഥാനത്ത് തട്ടിപ്പ് കേസുകള്‍ ഏറിവരുന്നതായും ഡിജിപി വ്യക്തമാക്കി.