കൊച്ചി: കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എഐ ടൂളുകള്‍ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് പുറമേ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനും ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
ഇത്തരം ടൂളുകളുടെ ഉപയോഗം സ്വകാര്യതയെയും ഡാറ്റ സംരക്ഷണത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം. രാജ്യത്ത് ഇതാദ്യമായാണ് ഒരു കോടതി ഇത്തരം നിര്‍ദേശം പുറപ്പെടുവിക്കുന്നത്.
കേസുകളുടെ റഫറന്‍സിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രം കര്‍ശന ഉപാധികളോടെ ഉപയോഗിക്കാം. ഇവ ഉപയോഗിക്കുന്നതിന് കൃത്യമായ പരിശീലനം നേടണം. ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപന്‍ ഉറപ്പാക്കണം.
അംഗീകൃത എഐ ടൂളുകളുടെ കാര്യത്തലില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ സഹായകരമാണെങ്കിലും അവ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും തെറ്റായതോ, അപൂര്‍ണമോ, പക്ഷപാതപരമോ ആകാനിടയുണ്ട്.
കൂടാതെ അവ നല്‍കുന്ന നിയമപരമായ ഉദ്ധരണികള്‍, റഫറന്‍സുകള്‍ എന്നിവ ഉള്‍പ്പെടെ ഏതൊരു ഫലവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സൂക്ഷ്മമായി പരിശോധിക്കണം. ജുഡീഷ്യല്‍ ഉത്തരവ്, വിധിന്യായം എന്നിവയുടെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ജഡ്ജിമാരുടേതാണെന്നും കോടതി വ്യക്തമാക്കി.
നിയമപരമായ കുറിപ്പുകളോ മറ്റോ വിവര്‍ത്തനം ചെയ്യാന്‍ എഐ ടൂള്‍ ഉപയോഗിക്കുമ്പോള്‍, വിവര്‍ത്തനം ജഡ്ജിമാര്‍ സ്വയം പരിശോധിക്കണം. കേസുകളുടെ ഷെഡ്യൂള്‍ ചെയ്യല്‍ പോലുള്ള ഭരണപരമായ ജോലികള്‍ക്ക് അംഗീകൃത എഐ ഉപകരണങ്ങള്‍ ഉപയോഗിക്കാമെങ്കിലും മനുഷ്യ മേല്‍നോട്ടം ആവശ്യമാണ്. എഐ ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകള്‍ കോടതികള്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.