ജനങ്ങള്‍ നെഞ്ചിലേറ്റിയ നേതാവ്; പോരാട്ടങ്ങളുടേതായിരുന്നു വി.എസിന്റെ രാഷ്ട്രീയ ജീവിതം

ജനങ്ങള്‍ നെഞ്ചിലേറ്റിയ  നേതാവ്; പോരാട്ടങ്ങളുടേതായിരുന്നു വി.എസിന്റെ രാഷ്ട്രീയ ജീവിതം

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പാര്‍ട്ടി ഭേദമന്യേ നെഞ്ചിലേറ്റിയ രാഷ്ട്രീയ നേതാവായിരുന്നു സഖാവ് വി.എസ് അച്യുതാനന്ദന്‍. വി.എസ് മരിച്ചാലും ഏതാണ്ട് ഒരു നൂറ്റാണ്ടോളം നീണ്ട അദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക പോരാട്ടങ്ങള്‍ക്ക് മരണമില്ല. അതെന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കും.

ഉയര്‍ച്ചകള്‍ളും തളര്‍ച്ചകളുമായി ഏറെ സമരസപ്പെട്ടതായിരുന്നു വി.എസിന്റെ രാഷ്ട്രീയ ജീവിതം. മരിക്കുമ്പോഴും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാണ് അദേഹം. മൂന്ന് തവണ പ്രതിപക്ഷ നേതാവ്, മൂന്ന് തവണ പാര്‍ട്ടി സെക്രട്ടറി, ഒരുവട്ടം കേരള മുഖ്യമന്ത്രി.

അതിനുമപ്പുറം തെളിമായര്‍ന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ കാവല്‍ക്കാരനായിരുന്നു വി.എസ്. കാലത്തിന് ചേര്‍ന്ന ലക്ഷ്യബോധവും രാഷ്ട്രീയ ജാഗ്രതയും നിലപാടുകളുടെ തലപ്പൊക്കവും കാത്തുസൂക്ഷിച്ചതോടെ എതിരാളികള്‍ക്ക് പോലും പ്രിയപ്പെട്ട ജനനേതാവായി മാറി വി.എസ് അച്യുതാനന്ദന്‍.

പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ച 1964-ലെ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്. 1965 മുതല്‍ 2016 വരെ നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വി.എസ് ജയപരാജയങ്ങളുടെ രുചിയറിഞ്ഞു. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രി. 2016 ല്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടരികെ തുടര്‍ ഭരണം നഷ്ടമായി.

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം. നേരത്തെ തന്നെ സംസ്ഥാന മുഖ്യമന്ത്രിയാകേണ്ടയാളായിരുന്നു വിഎസ്. എന്നാല്‍ പാര്‍ട്ടി ജയിച്ചപ്പോഴെല്ലാം വിഎസ് തോറ്റു. വിഎസ് ജയിച്ചപ്പോള്‍ പാര്‍ട്ടി തോറ്റു.

1952 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.എസ് 1954ല്‍ സംസ്ഥാന കമ്മറ്റിയില്‍ അംഗമായി. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു.

1980 മുതല്‍ 1991 വരെ മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴ് തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളില്‍ അദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതു മുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും നടത്തിയ പ്രകടനമാണ് വി.എസിലെ കമ്യൂണിസ്റ്റുകാരനെ ജനകീയനാക്കിയത്. ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 98 സീറ്റുകളാണ് വി.എസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേടിയത്.

ഏറ്റവും കൂടിയ പ്രായത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍ 2006 മെയ് 18 ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എണ്‍പത്തിമൂന്ന് വയസായിരുന്നു വി.എസിന്റെ പ്രായം. മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് അദേഹം തുടക്കമിട്ടു.

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് വി.എസ് നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍ നിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം അദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.