ഒടുവില്‍ മടക്കം: ബ്രിട്ടീഷ് എഫ്-35 വിമാനം തിരുവനന്തപുരത്ത് നിന്ന് യു.കെയിലേക്ക് പറന്നു

ഒടുവില്‍ മടക്കം: ബ്രിട്ടീഷ് എഫ്-35 വിമാനം തിരുവനന്തപുരത്ത് നിന്ന് യു.കെയിലേക്ക് പറന്നു

തിരുവനന്തപുരം: ഒരു മാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു.കെയിലേക്ക് പറന്നത്.

തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു.കെയിലേക്കും. ചൊവ്വാഴ്ച്ച രാവിലെ 10:45 നാണ് വിമാനം ടേക്ക് ഓഫ് ആയത്. ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതര്‍ പറഞ്ഞു. ക്യാപ്റ്റന്‍ മാര്‍ക്ക് ആണ് വിമാനത്തെ ഇവിടെ നിന്ന് പറത്തിക്കൊണ്ടുപോയത്. രാവിലെ 9:30 ന് വിമാനതാവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു ക്യാപ്ടര്‍ മാര്‍ക്ക് വിമാനം ടേക്ക് ഓഫ് ചെയ്ത് ഇവിടം വിട്ടത്.

ബ്രിട്ടണിന്റെ അഭിമാനമായ എഫ്-35 ബി ക്ക് ഇവിടെ ആതിഥേയത്വം നല്‍കിയതിന് പുറമേ തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ട എല്ലാ സൗകര്യമൊരുക്കിയതിന് ക്യാപ്ടന്‍ മാര്‍ക്ക് നന്ദി പറഞ്ഞു. രാവിലെ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് വിമാനത്തിന്റെ അറ്റകുറ്റ പണിക്കായി ഹാങ്ങറില്‍ എത്തിച്ചിരുന്ന ബേര്‍ഡ് എന്ന കമ്പനിയുടെ ജിവനക്കാര്‍ക്കും ക്യാപ്ടന്‍ തന്റെ സല്യൂട്ട് നല്‍കി. ഇന്ത്യ നല്‍കിയ സേവനവും ആതിഥേയത്വവും മഹത്തരം എന്നാണ് ക്യാപ്ടന്‍ പറഞ്ഞത്.

ജൂണ്‍ 14 രാത്രി 9:30 നാണ് അറബിക്കടലിലെ സൈനിക അഭ്യാസത്തിനിടെ കടലില്‍ നങ്കൂരമിട്ടിരുന്ന ബ്രിട്ടണിന്റെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് എന്ന കപ്പലില്‍ ഇറങ്ങാനായി ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന് ഇറങ്ങാനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്. വിമാനം 4000 കിലോ ഇന്ധനം നിറച്ച് പുറപ്പെടാന്‍ തയ്യാറപ്പോഴായിരുന്നു ഹൈഡ്രോളിക് സംവിധാനത്തിനും ഓക്‌സി ലയറി പവര്‍ യൂണിറ്റിനും തകരാര്‍ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കപ്പലില്‍ നിന്ന് ഹെലികോപ്ടറില്‍ വിദഗ്ധര്‍ എത്തിയിരുന്നുവെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തകരാര്‍ പരിഹരിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ചാക്കയിലെ ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റി പരിഹരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.