ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജന്മനാട്ടിലേക്കുള്ള അവസാന യാത്ര: വിലാപ വീഥിയായി വഴിത്താരകള്‍; ഒന്‍പതര മണിക്കൂറില്‍ പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍

ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജന്മനാട്ടിലേക്കുള്ള അവസാന യാത്ര: വിലാപ വീഥിയായി വഴിത്താരകള്‍; ഒന്‍പതര മണിക്കൂറില്‍ പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍

തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകന്‍ തലസ്ഥാനത്ത് നിന്നും ജന്മനാട്ടിലേക്കുള്ള അവസാനയാത്ര തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്ന് വി.എസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര ഒന്‍പത് മണിക്കൂര്‍ പിന്നിടുമ്പോഴും തിരുവനന്തപുരം ജില്ല കടന്നിട്ടില്ല. ഒന്‍പതര മണിക്കൂറില്‍ വിലാപയാത്ര പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍.

ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി കാണാന്‍ വഴിനീളെ കാത്തുനില്‍ക്കുന്നത്. കഴക്കൂട്ടത്ത് വലിയ ജനക്കൂട്ടമാണ് വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുണ്ടായിരുന്നത്. മഴയെ അവഗണിച്ചാണ് ആളുകള്‍ പ്രിയ നേതാവിനെ കാണാനെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും വൈകുന്നേരം ഏഴരയായി യാത്ര കഴക്കൂട്ടത്ത് എത്തിയപ്പോള്‍. ആള്‍ത്തിരക്ക് മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളും ഉണ്ടായി. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെയാണ് വി.എസിന് യാത്രാമൊഴിയേകിയത്.

പാര്‍ട്ടി നിശ്ചയിച്ച സമയക്രമം ആള്‍ത്തിരക്കുമൂലം തുടക്കത്തില്‍ തന്നെ തെറ്റിയിരുന്നു. ദര്‍ബാര്‍ ഹാളില്‍ നിന്ന് ആദ്യ പോയിന്റായ പാളയത്തേക്ക് എത്താന്‍ എടുത്തത് അര മണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂര്‍ എടുത്തു.

ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നെങ്കിലും ഇനിയും മണിക്കൂറുകള്‍ വൈകിയേക്കുമെന്നാണ് സൂചന. ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രഫഷണനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.