ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയില്‍ ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായി സംശയിക്കുന്നു. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

കനത്ത മഴയെ തുടര്‍ന്ന്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളില്‍ അപകടകരമാം വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.