ഛത്തീസ്ഗഡില്‍ തടവിലാക്കിയ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ഛത്തീസ്ഗഡില്‍ തടവിലാക്കിയ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണം:  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘപരിവാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണെന്നും ഛത്തീസ്ഗഡില്‍ തടവിലാക്കിയ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും അദേഹം ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

വി.ഡി സതീശന്റെ ഫെയ്‌സ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാര്‍.അവര്‍ കേരളത്തില്‍ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളില്‍ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ കണ്ടത്.

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പൊലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകള്‍ക്കെതിരെ ആള്‍ക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു.

ഭീഷണി കണക്കിലെടുത്ത് ഒരു മുന്‍ കരുതലെന്ന നിലയില്‍ പൊതുവിടങ്ങളില്‍ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാന്‍ മുതിര്‍ന്ന വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്‍ദേശം നല്‍കിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്.

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ചത്തിസ്ഗഡ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റേയും ജോലി.

ഭരണഘടന നല്‍കുന്ന അവകശങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡില്‍ കളളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.