'വര്‍ഗീയ വാദികള്‍ ബന്ദികളാക്കിയത് ഭരണഘടനയെ, ഇതെല്ലാം ബിജെപി അറിയാതെയാണോ എന്നതില്‍ ദുരൂഹത'; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ ദീപികയുടെ മുഖപ്രസംഗം

'വര്‍ഗീയ വാദികള്‍ ബന്ദികളാക്കിയത് ഭരണഘടനയെ, ഇതെല്ലാം ബിജെപി അറിയാതെയാണോ എന്നതില്‍ ദുരൂഹത'; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ ദീപികയുടെ മുഖപ്രസംഗം

കോഴിക്കോട്: ചത്തീസ്ഗഢില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക.

രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദികളാക്കിയതെന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. 'തടയനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീര്‍വാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാള്‍ സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണെ'ന്നുമാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂനപക്ഷങ്ങളെ ചോദ്യം ചെയ്യാന്‍ തീവ്ര മതസംഘടനകളെ വിളിച്ച് വരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദേശത്തോടെ പൊലീസിന് കൈമാറുക എന്നതെല്ലാം മത രാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ്. ഇതെല്ലാം ബിജെപി അറിയാതെയാണോ എന്നത് ദുരൂഹതയേറുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ന്യൂനപക്ഷങ്ങള്‍ ഏതാണ്ട് കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാല്‍ വര്‍ഗീതയതെ തളയ്ക്കാം. പക്ഷേ അധികാരത്തിന്റെ ആ അക്രമോത്സുക രഥം കേരളത്തില്‍ മാത്രമായി ഒഴിവാക്കാനാകുന്നില്ല. ഛത്തീസ്ഗഢിലും ഒഡീഷയിലും ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാ പത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീംകളും ഉള്‍പ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നുവെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ച് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഒരു പറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. ഞായറാഴ്ച ആയതിനാല്‍ ജാമ്യാപേക്ഷ നല്‍കാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.