തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെ എക്‌സൈസിലേക്ക് മാറ്റി. ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്നാണ് പോലീസില്‍ നിന്ന് എക്‌സൈസിലേക്ക് മാറ്റിയ്. ട്രാക്ടര്‍ വിവാദത്തില്‍ ഹൈക്കോടതി അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ അജിത് കുമാറിനെ ബറ്റാലിയനില്‍ നിന്ന് മാറ്റിയത് സംബന്ധിച്ച വിവരം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
നിലവിലെ എക്‌സൈസ് ഹൈക്കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അജിത് കുമാറിനെ മാറ്റുന്നത്. ജൂലായ് 12, 13 ദിവസങ്ങളിലാണ് അജിത്കുമാര്‍ ട്രാക്ടറില്‍ ശബരിമലയിലേക്ക് യാത്ര ചെയ്തത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ നടത്തിയ യാത്രയാണ് വിവാദമായത്.
പമ്പ-സന്നിധാനം റൂട്ടില്‍ ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ ട്രാക്ടറില്‍ പേഴ്സണല്‍ സ്റ്റാഫുമായി യാത്ര നടത്തിയത്. സംഭവം വിവാദമായതോടെ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും അജിത്കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ പമ്പ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റിയിരിക്കുന്നത്.