തൃശൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പ്രതിഷേധ റാലി സംഘടിപ്പിച്ചു. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായ മെത്രാന്‍ ടോണി നീലങ്കാവിലും റാലിക്ക് നേതൃത്വം നല്‍കി.
കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം തൃശൂര്‍ ആര്‍ച്ച് ബിഷപ്പും കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മോചിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രഖ്യാപിച്ചു. ''ഇന്ത്യന്‍ ഭരണഘടനയെ നിങ്ങള്‍ക്ക് ബന്ദിയാക്കാന്‍ കഴിയില്ല. ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനും സേവനമനുഷ്ഠിക്കാനും എല്ലാ അവകാശവുമുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെ പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന കന്യാസ്ത്രീകളെ ജയിലിലടയ്ക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്.''- അദേഹം വ്യക്തമാക്കി.
അറസ്റ്റ് ഭരണഘടനാ വിരുദ്ധവും ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ധിച്ചു വരുന്ന വിവേചനത്തിന്റെ വ്യക്തമായ സൂചനയുമാണെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. രാഷ്ട്രനിര്‍മാണത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും സാമൂഹിക ഉന്നമനത്തിലും ക്രിസ്ത്യാനികള്‍ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. അതാണോ അവര്‍ ചെയ്ത കുറ്റകൃത്യമെന്നും അദേഹം ചോദിച്ചു, അത്തരം അറസ്റ്റുകള്‍ സമൂഹത്തിനെതിരായ വ്യവസ്ഥാപിത പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍കുട്ടികള്‍ക്ക്, നിയമപരമായി അവരുടെ കുടുംബങ്ങളുടെ പൂര്‍ണ്ണ അറിവോടെയും അംഗീകാരത്തോടെയും ജോലി ഒരുക്കിയിരുന്നു. പെണ്‍കുട്ടികളെ ഒരു പുരുഷ ബന്ധു റെയില്‍വേ സ്റ്റേഷനിലേക്ക് ആക്കാനായി ഒപ്പം ഉണ്ടായിരുന്നുവെന്നും കന്യാസ്ത്രീകള്‍ അവരെ ആദ്യമായി കണ്ടതും അന്നേ ദിവസം തന്നെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ നേരത്തെ തന്നെ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) അംഗങ്ങളാണ്. മനുഷ്യ കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയ്ക്ക് തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
മതപരിവര്‍ത്തന ശ്രമമോ നിര്‍ബന്ധമോ ഉണ്ടായിട്ടില്ലെന്നും ജാമ്യം സാധ്യമാണെന്നും ബോധ്യമായപ്പോള്‍, കന്യാസ്ത്രീകളെ കൂടുതല്‍ കുടുക്കാന്‍ അവര്‍ എഫ്ഐആറില്‍ മതപരിവര്‍ത്തനം കൂടി ചേര്‍ത്തു. ഇത് മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. മാത്രമല്ല അവ ഭരണഘടനയുടെ തന്നെ ലംഘനമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേപോലെ ക്രിസ്തുമതത്തെ ഒരു വിദേശ മതം ആയി ചിത്രീകരിക്കുന്നതിനെയും ആര്‍ച്ച് ബിഷപ് അപലപിച്ചു. നൂറ്റാണ്ടുകളായി ക്രിസ്തുമതം ഇന്ത്യന്‍ മണ്ണിന്റെ ഭാഗമാണെന്ന് അദേഹം സദസിനെ ഓര്‍മ്മിപ്പിച്ചു. ഇന്ത്യ നിരവധി മതങ്ങളുടെ കേന്ദ്രമാണ്. ക്രിസ്തുമതം ഇവിടെ അഭിവൃദ്ധി പ്രാപിച്ചത് ഒരു പുറംനാടായി കണ്ടല്ലെന്നും മറിച്ച് രാജ്യത്തിന്റെ ആത്മീയ ഘടനയില്‍ ആഴത്തില്‍ ഇഴചേര്‍ന്ന ഒരു മതമായിട്ടാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ 'അന്യായമായ അറസ്റ്റിനെതിരെ' സീറോ-മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത ചൊവ്വാഴ്ച തൃശൂര്‍ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായ മെത്രാന്‍ ടോണി നീലങ്കാവിലും നേതൃത്വം നല്‍കുന്നു. ്യു ഫോട്ടോ ക്രെഡിറ്റ്: കെ.കെ. നജീബ്.