പരാന: ദൈവത്തിന്റെ ഇൻഫ്ളുവൻസർ എന്ന് അറിയപ്പെടുന്ന വാഴത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് അർജന്റീനയിൽ നിന്ന് മോഷണം പോയി. അർജന്റീനിയിലെ പരാന അതിരൂപതയിലെ സാന്റോ ഡൊമിംഗോ സാവിയോ ഇടവകയിൽ നിന്നാണ് തിരുശേഷിപ്പ് മോഷണം പോയത്. ദമ്പതികളാണ് മോഷണം നടത്തിയത് എന്നാണ് സൂചന.
ജൂലൈ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്നതെന്നും ഇത് സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും ഇടവക വികാരിയായ ഫാ. വാൾട്ടർ മിനിഗുട്ടി പറഞ്ഞു. 2021 ൽ പ്രതിഷ്ഠിച്ച തിരുശേഷിപ്പ് അടങ്ങിയ പെട്ടി ദമ്പതികൾ പള്ളിയിൽ പ്രവേശിച്ച് മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഭവം പൊലീസ് അന്വേഷിക്കുകയാണ്. മോഷണത്തിന് ഉത്തരവാദികളായവരെ തിരിച്ചറിയാൻ ക്യാമറ ദൃശ്യങ്ങൾ വിശകലനം ചെയ്യുമെന്നും വൈദികൻ പറഞ്ഞു.
അതേസമയം വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ സെപ്റ്റംബർ ഏഴിന് ലിയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ജപമാലയും കീബോർഡും ആത്മീയ പ്രചരണത്തിൽ സംയോജിപ്പിച്ച കൗമാരക്കാരനായിരുന്നു കാർലോ അക്യുട്ടിസ്. 2006-ൽ പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരണപ്പെടുകയായിരുന്നു.
ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.
വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി 2020-ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു, പാൻക്രിയാസിനെ ബാധിക്കുന്നരോഗമുള്ള ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അദ്ഭുതത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിക്കുകയായിരുന്നു.