തിരുവനന്തപുരം: സിനിമാ നയം രണ്ട് മാസത്തിനകം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. ലിംഗസമത്വം എന്നത് എല്ലാവരും അംഗീകരിച്ചെന്നും ചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നുവന്ന കാര്യങ്ങളില്‍ അംഗീകരിക്കാവുന്നതെല്ലാം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും നല്ലതാണെന്നും മന്ത്രി പറഞ്ഞു. ക്ഷണിക്കപ്പെട്ട എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ത്രീ സുരക്ഷയാണ് പ്രധാനം. ആഭ്യന്തര പരാതി സെല്ലില്‍ സ്ത്രീയും പുരുഷനും വേണമെന്നതും ചര്‍ച്ചയായി.
സമയക്രമം പുനക്രമീകരിക്കണമെന്നും ജോലിയുടെ ഗ്യാരന്റി ഉറപ്പുവരുത്തുന്നതും ചര്‍ച്ചയായി. സിനിമക്കായി ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും ചിലര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ചിലര്‍ക്ക് നല്ല വേതനം ലഭിക്കുന്നു എന്നാല്‍ ചിലര്‍ക്ക് അങ്ങനെയല്ല തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. സിനിമാ കരാറുകള്‍ ലംഘിക്കാതിരിക്കാനും നടപടികള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നതായി മന്ത്രി വ്യക്തമാക്കി.
സ്വതന്ത്ര സിനിമകള്‍ക്ക് സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഒരു ഷോ എങ്കിലും ഉറപ്പാക്കണം. സിനിമയുമായി ബന്ധപ്പെട്ട് ചെറിയ നിയമലംഘനം ഉണ്ടായാലും കര്‍ശന നടപടി വേണം. മിനിമം വേതനം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയിലുണ്ടായി. സീരിയല്‍ മേഖലയിലും നയം വേണമെന്ന അഭിപ്രായമുയര്‍ന്നതായും മന്ത്രി വ്യക്തമാക്കി.