കൊച്ചി: കത്തോലിക്കാ സന്യാസിനികളുടെ ജാമ്യം വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമെന്ന് ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് ജനങ്ങൾക്ക് അറിയാം. പുറത്തിറക്കിയത് ആരാണെന്ന് ആരും ക്രൈസ്തവരെ പറഞ്ഞു മനസിലാക്കേണ്ടതില്ലെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. 'മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി' എന്ന തലക്കെട്ടിലാണ് ദീപികയുടെ എഡിറ്റോറിയൽ.
ഛത്തീസ്ഗഡിൽ കേരളം രാജ്യത്തിനൊരു സന്ദേശം കൊടുത്തിരിക്കുന്നുവെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധം തുടരാനും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നു. ബംജ്‌രംഗ്‌ദള്‍ നേതാവ് ജ്യോതി ശർമയ്‌ക്കെതിരെ കേസെടുക്കാത്തതിലും ദീപിക വിമർശനം ഉന്നയിച്ചു.
കത്തോലിക്കാ സന്യാസിനികളുടെ മോചനത്തില്‍ താല്‍ക്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ലെന്നും ഭരണഘടനയോട് ബഹുമാനം ഉണ്ടെങ്കിൽ കേസ് റദ്ദാക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. വർഗീയാതിക്രമം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും ദീപിക പറയുന്നു.
ഛത്തീസ്‌ഗഡിൽ കേരളം കോർത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത്. വർഗീയ കൂട്ടുകെട്ടുകൾക്കു മുകളിൽ മതേതരത്വം ശക്തി തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിൻ്റെ കൊടിപിടിച്ചതു കേരളമാണെന്നതു നിസാര കാര്യമല്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിൻ്റെ ഇന്ത്യൻ സ്റ്റോറിയാണ്. ഈ കെട്ടുറപ്പി നുമേൽ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുത് - ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും 'വർഗീയ ആള്‍ക്കൂട്ടങ്ങള്‍' ഇവിടെ തന്നെയുണ്ടെന്നും മുഖപ്രസംഗത്തില്‍ മുന്നറിയിപ്പുമുണ്ട്.