നിര്‍മ്മിത ബുദ്ധിയുടെ കടന്നു കയറ്റം: അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് പഠനം

 നിര്‍മ്മിത ബുദ്ധിയുടെ കടന്നു കയറ്റം: അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് പഠനം

ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം.

ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്‍ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും.

2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ മേഖലയിലേക്കാണ് എഐ കടന്നു കയറുന്നത്. ഉപഭോക്തൃ സ്ഥാപനങ്ങളുടെയും ഇടപാടുകാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാല്‍ ഏകദേശം 400000 മുതല്‍ 500000 വരെ പ്രൊഫഷണലുകളെ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആവശ്യമില്ലാതാവും എന്നാണ് ടെക് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത് ഇന്‍സൈറ്റിന്റെ സ്ഥാപകന്‍ ഗൗരവ് വാസുവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ എഴുപത് ശതമാനവും നാല് മുതല്‍ 12 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവരാണ്. പുതിയതായി ഈ മേഖലയിലേക്ക് എത്തുന്നവരെയും ഇത് ബാധിക്കും.

ടിസിഎസില്‍ മാത്രം പിരിച്ചുവിടലും വെട്ടിക്കുറയ്ക്കലും ആരംഭിക്കുന്നതിന് മുമ്പ് 6,13,000ത്തിലധികം തൊഴിലാളികളുണ്ടായിരുന്നു. എഐ ഉപയോഗിച്ച് ഭാവി മത്സരങ്ങളിലേക്ക് സജ്ജമാവുക എന്നാണ് കമ്പനികള്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും ശക്തമായ മാനുഷിക സ്പര്‍ശം ആവശ്യമുള്ള നിരവധി കരിയറുകളുണ്ട്. സഹാനുഭൂതി, സര്‍ഗാത്മകത, പ്രായോഗിക കഴിവുകള്‍ അല്ലെങ്കില്‍ വൈകാരിക ബുദ്ധി എന്നിവ പോലെ എഐയ്ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ആവശ്യമുള്ള മേഖലകള്‍. ഇത് ഐടി വ്യവസായത്തിന് അകത്തും നിലനില്‍ക്കുന്നുണ്ട്. എഐ തരംഗത്തില്‍ ഇത്തരം മേഖലകള്‍ തളര്‍ച്ചയില്ലാതെ നിലനില്‍ക്കും.

ഏറ്റവും ആദ്യം ബാധിക്കാന്‍ സാധ്യതയുള്ള മേഖലകള്‍

കോള്‍ സെന്റര്‍ ഏജന്റുമാര്‍, അടിസ്ഥാന അക്കൗണ്ടിങ്/ബുക്ക് കീപ്പിങ്, ടിക്കറ്റ് ഏജന്റുമാര്‍/ട്രാവല്‍ ക്ലാര്‍ക്കുകള്‍, ലീഗല്‍ അസിസ്റ്റന്റുമാര്‍ (പതിവ് ഡ്രാഫ്റ്റിങ്), ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍, റീട്ടെയില്‍ ടാസ്‌ക്കുകള്‍ ചെയ്യുന്ന ഫിനാന്‍സ്/ഇന്‍ഷുറന്‍സ് അണ്ടര്‍റൈറ്റര്‍മാര്‍, ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യുന്ന കോഡര്‍മാര്‍, ജൂനിയര്‍ മാര്‍ക്കറ്റിങ് ഗവേഷകര്‍, ഉപഭോക്തൃ സേവന പ്രതിനിധികള്‍, ഐടിയിലെ അടിസ്ഥാന ക്യുഎ ടെസ്റ്റര്‍മാര്‍, വ്യാഖ്യാതാക്കള്‍/വിവര്‍ത്തകര്‍, മാര്‍ക്കറ്റിങ് അനലിറ്റിക്‌സ് (പ്രെഡിക്റ്റീവ് റിപ്പോര്‍ട്ടിങ് ഓട്ടോമേഷന്‍)എഴുത്തുകാര്‍/രചയിതാക്കള്‍ (അടിസ്ഥാന ഉള്ളടക്കം)സിഎന്‍സി ടൂള്‍ പ്രോഗ്രാമര്‍മാര്‍, ഡാറ്റ എന്‍ട്രി ക്ലാര്‍ക്കുകള്‍, ഡാറ്റ ശാസ്ത്രജ്ഞര്‍, എച്ച്ആര്‍ സ്‌ക്രീനിങ് റോളുകള്‍, വെബ് ഡെവലപ്പര്‍മാര്‍, വെയര്‍ഹൗസ് സ്റ്റോക്കര്‍മാര്‍ എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.