'കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ​ഗോപിയെ കാണാനില്ല'; തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി കെഎസ്‌യു

'കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ​ഗോപിയെ കാണാനില്ല'; തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി കെഎസ്‌യു

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് സുരേഷ് ഗോപിയെ കാണാനില്ലെന്ന് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. കന്യാസ്ത്രീമാർക്കെതിരെ അതിക്രമം ഉണ്ടായത് മുതൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്നാണ് പരാതി.

"തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ ബഹു. സുരേഷ് ഗോപി എംപിയെ കാണാനില്ല. ഛത്തീസ്‌ഗഢ് വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന് ഛത്തീസ്‌ഗഢ് ബിജെപി ഗവൺമെന്റ് കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത‌ നടപടിക്ക് ശേഷം സുരേഷ് ഗോപി എംപിയെ മണ്ഡലത്തിൽ എവിടെയും കാണാൻ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രിയും തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലേ ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദേഹം എവിടെ ആണെന്നും കണ്ടെത്തണമെന്നും വിനീതമായി അഭ്യർഥിക്കുന്നു," എന്നാണ് പരാതി.

കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ് സുരേഷ് ഗോപിയെ കാണ്മാനില്ലെന്ന് പരിഹസിച്ചിരുന്നു. "ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക', എന്നായിരുന്നു മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പോസ്റ്റ് പങ്കുവെച്ചിരുന്നു. 'തൃശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു', എന്ന് ഫേസ്ബുക്കിൽ കുറിച്ചായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.