ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നേരത്തെ നല്‍കിയ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്ന വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. വിഷയം വലിയ തോതില്‍ ചര്‍ച്ചയായെങ്കിലും മറുപടി നല്‍കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല.
ഡിജിറ്റല്‍ വോട്ടര്‍ പട്ടിക കൈമാറാതെയും വീഡിയോ തെളിവുകള്‍ (സിസിടിവി ദൃശ്യങ്ങള്‍) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയും കമ്മിഷന്‍ ബിജെപിക്ക് ഒത്താശ ചെയ്യുന്നെന്ന രാഹുലിന്റെ ആരോപണത്തിനും കമ്മിഷന്‍ ഉത്തരം നല്‍കിയില്ല.
ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാംപയ്ന്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്. വിഷയമുയര്‍ത്തി രാഷ്ട്രീയ പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.