ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് അതീവ ജാഗ്രത

ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സ്വാതന്ത്ര്യ ദിനാഘോഷത്തിന്  മുന്നോടിയായി രാജ്യത്ത് അതീവ ജാഗ്രത

ഏകോപിത തീവ്രവാദ ആക്രമണങ്ങള്‍ മുതല്‍ ചാവേറാക്രമണത്തിന് വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്ത് അടക്കം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി സുരക്ഷാ ഏജന്‍സികള്‍.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും അതിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാല്‍ സുരക്ഷാ ഭീഷണി കൂടുതലാണെന്നും ശക്തമായ മുന്‍കരുതലെടുക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍, ആഗോള ജിഹാദി ശൃംഖലകള്‍, തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍, സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍, ഇടതുപക്ഷ തീവ്രവാദികള്‍, ചില വടക്കുകിഴക്കന്‍ വിമത സംഘടനകള്‍ എന്നിവയില്‍ നിന്ന് ഭീഷണികളുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചയ്തു.

നേരത്തേ നിശ്ചയിച്ച വേദിയും പൊതുജനങ്ങളുടെ വലിയ സാന്നിധ്യവും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' പ്രധാന ശ്രദ്ധാ കേന്ദ്രമാക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്.

ന്യൂഡല്‍ഹിയിലെ വലിയ ജനസംഖ്യയും നിരവധി അനധികൃത കോളനികളുടെ സാന്നിധ്യവും നുഴഞ്ഞുകയറാനോ ആക്രമണം നടത്താനോ ശ്രമിക്കുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളമായി പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്‍ പറയുന്നു.

വിവിധ ഏജന്‍സികളുടെയും കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളുടെയും പങ്കാളിത്തം ഉള്‍പ്പെടെ വലിയ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. വ്യക്തികളെ കര്‍ശനമായി പരിശോധിക്കണം. യൂണിഫോമിലല്ലാത്ത ആര്‍ക്കും നിയന്ത്രണമുള്ള പ്രദേശങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഏകോപിത തീവ്രവാദ ആക്രമണങ്ങള്‍ മുതല്‍ ചാവേറാക്രമണത്തിന് വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിവരവും പോസ്റ്റ് ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ വ്യക്തികളുമായി വിവരങ്ങള്‍ പങ്കിടരുതെന്നും സംശയാസ്പദമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും എല്ലാ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.