മെല്‍ബണ്‍: രാജ്യത്തെ വ്യാപകമായ കുടിയേറ്റം ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ ഓഗസ്റ്റ് 31ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന് സമ്മിശ്ര പ്രതികരണം. സിഡ്നി, മെൽബൺ, ബ്രിസ്‌ബേൻ, അഡലൈഡ്, പെർത്ത്, കാൻബറ തുടങ്ങിയ തലസ്ഥാന നഗരങ്ങളിലാണ് പ്രതിഷേധ റാലികൾ നടക്കുക. 'രാജ്യം വീണ്ടെടുക്കന്‍ സമയമായി; സംസ്‌കാരവും പൈതൃകവും സംരക്ഷിക്കപ്പെടേണ്ട നേരമായി' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായി ഓസ്ട്രേലിയയും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.
സ്കൈ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട വാർത്ത നൽകിയിരിക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കുന്നവർ പൊതുജനങ്ങളുടെ ശബ്ദം മാത്രമാണെന്ന് വാദിക്കുമ്പോൾ വെളുത്തവർ മാത്രം ഓസ്ട്രേലിയയിൽ മതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രതിഷേധം ന്യൂ-നാസി ഗ്രൂപ്പുകളുടെ ഇടപെടലിന് വേദിയാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ടെന്ന് സ് കൈ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിക്ടോറിയൻ സോഷ്യലിസ്റ്റുകൾ, ആന്റി-റേസിസ്റ്റ് കൂട്ടായ്മകൾ തുടങ്ങിയവ മാർച്ചിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. റിയാലിറ്റി താരം അബി ചാറ്റ്‌ഫീൽഡ് പ്രതിഷേധങ്ങളെ "വർഗീയവും ഇടുങ്ങിയ മനോഭാവവുമാണ്" എന്ന് വിളിച്ചു വിമർശിച്ചു. കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് തെറ്റായ വഴിയാണെന്നും ജീവിതച്ചെലവിലെ ഉയർച്ചയ്‌ക്ക് അവർ ഉത്തരവാദികളല്ലെന്നും അബി വ്യക്തമാക്കി.
കോവിഡാനന്തരം ഓസ്ട്രേലിയയില്‍ ഉണ്ടായ വ്യാപകമായ കുടിയേറ്റമാണ് തദ്ദേശീയ യുവാക്കളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അഫ്ഗാനിസ്ഥന്‍, പാലസ്തീന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി വലിയൊരു ജനതയെ ഓസ്ട്രേലിയയിലേയ്ക്ക് എത്തിച്ചതും സംസ്‌കാരികവും സാമൂഹികവുമായ അസ്വസ്തതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റ ജനതയുടെ മര്യാദയില്ലാത്ത പെരുമാറ്റവും തദ്ദേശീയ ജനതയെ അലോസരപ്പെടുത്തുന്നുണ്ട്. റോഡുകളിലും പൊതുഇടങ്ങളിലും വാഹനങ്ങളിലും എല്ലാം ഈ അലോസരപ്പെടുത്തലുകള്‍ വര്‍ധിച്ച് വരുന്നതായാണ് ആക്ഷേപം.
കുടിയേറ്റക്കാരുടെ കടന്നുവരവോടുകൂടി കുറ്റകൃത്യങ്ങളും വര്‍ധിച്ചു. ഇതും തദ്ദേശീയ ജനതയില്‍ അസ്വസ്തത രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. അടുത്തിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ ഓസ്ട്രേലിയന്‍ നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വലിയ തോതിലുള്ള മോഷണങ്ങള്‍ നടത്തിയതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.