സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന വാഹനാപകടത്തിൽ എട്ട് മാസം ഗർഭിണിയായ ഇന്ത്യൻ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം. കർണാടക സ്വദേശിനിയായ സമന്വിത ധരേശ്വർ (33) ആണ് മരിച്ചത്. അപകടത്തിൽ സമന്വിതയുടെ ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാത്രി സിഡ്‌നിയിലെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഭർത്താവിനും മൂന്ന് വയസുകാരനായ മകനുമൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന സമന്വിതയ്ക്ക് വേണ്ടി ഒരു കിയ കാർ വേഗത കുറച്ച് നിർത്താൻ ശ്രമിച്ചു.
ഈ സമയം അമിത വേഗതയിൽ പിന്നാലെ വന്ന ഒരു ബിഎംഡബ്ല്യൂ കാർ കിയ കാറിൻ്റെ പിന്നിൽ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് തെറിച്ച കിയ കാർ സമന്വിതയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമന്വിതയെ ഉടൻതന്നെ വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിഎംഡബ്ല്യൂ കാർ ഓടിച്ച ഓസ്‌ട്രേലിയൻ പൗരനായ ആരോൺ പാപസോഗ്‌ലു (19) വിനെ പൊലിസ് അറസ്റ്റ് ചെയ്തു. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചതായി പൊലീസ് അറിയിച്ചു.