മെൽബൺ: സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൻ്റെ ഭാഗമായി വിക്ടോറിയൻ പൊലിസ് നടത്തുന്ന പരിശോധനകളിൽ പിടിച്ചെടുക്കുന്ന മാരകായുധങ്ങളുടെ എണ്ണം റെക്കോർഡ് ഭേദിച്ചു. ഈ വർഷം ഇതുവരെ പതിനായിരത്തിലേറെ കത്തികളും വടിവാളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലിസ് പിടിച്ചെടുത്തത്.
പ്രതിദിനം ശരാശരി 47 ആയുധങ്ങൾ പൊലീസ് കണ്ടെത്തുന്നുണ്ടെന്നാണ് കണക്ക്. തുടർച്ചയായി രണ്ടാം വർഷമാണ് പിടിച്ചെടുക്കപ്പെടുന്ന മാരകായുധങ്ങളുടെ എണ്ണം പുതിയ റെക്കോർഡ് സ്ഥാപിക്കുന്നത്.
സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെയും യുവാക്കൾ ഉൾപ്പെട്ട സംഘാംഗങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ഊർജ്ജിതമായ പരിശോധനകളിലാണ് ഭൂരിഭാഗം ആയുധങ്ങളും കണ്ടെത്തിയത്. കുറ്റവാളികളുമായി ബന്ധപ്പെട്ട തിരച്ചിലുകൾക്കിടെയും വൻതോതിൽ ആയുധശേഖരം പിടിച്ചെടുത്തു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ പ്രാധാന്യം വിക്ടോറിയൻ പൊലീസ് ചീഫ് ഊന്നിപ്പറഞ്ഞു. ഷോപ്പിങ് സെന്ററുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കത്തികൾക്കും വടിവാളുകൾക്കും യാതൊരു സ്ഥാനവുമില്ലെന്നും ഇവ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.