ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ തുടരുന്ന വോട്ടര്‍ അധികാര്‍ യാത്രയിലെ വന്‍ ജനപങ്കാളിത്തത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ക്ക് ആശങ്ക. ഇതോടെ പറഞ്ഞു പഴകിയ പഴയ ആരോപണവുമായി ബിജെപി വീണ്ടും രംഗത്തെത്തി.
ഇന്ത്യ വിരുദ്ധ ശക്തികളാണ് രാഹുല്‍ ഗാന്ധിക്ക് പിന്നിലെന്നും ജോര്‍ജ് സോറോസാണ് സാമ്പത്തിക പിന്തുണ നല്‍കതുന്നതെന്നുമടക്കം ആരോപണങ്ങളാണ് ബിജെപി കേന്ദ്രങ്ങള്‍ വീണ്ടും ഉന്നയിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന മുന്നേറ്റങ്ങളില്‍ ആക്ഷേപവുമായി രംഗത്തെത്തിയവരില്‍ പ്രമുഖന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ്.
വളരെ അപകടകരമായ മാര്‍ഗം പിന്തുടരുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്നാണ് റിജിജുവിന്റെ ആരോപണം. അപടകരമായ പാതയിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ സഞ്ചാരം.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് 'ഇന്ത്യാ വിരുദ്ധനായ' ജോര്‍ജ് സോറോസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ ഗൂഢാലോചനകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമായി തുടരുന്നും കേന്ദ്രമന്ത്രി പറയുന്നു.
'ഇന്ത്യന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒരു ട്രില്യണ്‍ ഡോളര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോര്‍ജ് സോറോസ് പറയുന്നു. കാനഡ, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഖലിസ്ഥാന്‍ സംഘങ്ങളും ഇടതുപക്ഷ സംഘടനകളും ഇന്ത്യാ വിരുദ്ധ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുകയാണ്.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇവരുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയും രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് വളരെ ആശങ്കാജനകമാണ്. എന്നാല്‍ പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല' - ഇങ്ങനെ പോകുന്നു റിജിജുവിന്റെ വാദഗതികള്‍.
കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയാത്തപ്പോള്‍ ഇന്ത്യാ വിരുദ്ധ ശക്തികളുമായി അവര്‍ ഒരുമിച്ച് നിന്ന് സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളേയും ആക്രമിക്കാന്‍ തുടങ്ങുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടു കൊള്ളയെ വെള്ള പൂശാന്‍ ബിജെപി നിരത്തുന്ന ന്യായീകരണം.
അത്തരത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും മുള്‍മുനയില്‍ നിര്‍ത്തി പൊതുജനങ്ങള്‍ക്ക് രാജ്യത്തെ ഈ സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുവെന്നാണ് കിരണ്‍ റിജിജുവിന്റെ ആക്ഷേപം.
ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും വില്‍ക്കപ്പെട്ടുവെന്നാണ് അവര്‍ ആവര്‍ത്തിച്ച് പറയുന്നതെന്നും ഇത് അവരെ ദുര്‍ബലപ്പെടുത്താനാണെന്നും റിജിജു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.