ഹൈദരാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് (ബി.ആര്‍.എസ്) കെ. കവിത രാജിവെച്ചു.
പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍) കഴിഞ്ഞ ദിവസമാണ് കവിതയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി അംഗത്വത്തിന് പിന്നാലെ എംഎല്‍സി സ്ഥാനവും കവിത രാജി വെച്ചു.
ബന്ധുവായ ടി. ഹരീഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടത്തിയ ഗുരുതര പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
'കെ.സി.ആറിന്റെ ആരോഗ്യവും പാര്‍ട്ടി പ്രവര്‍ത്തകരെയും ശ്രദ്ധിക്കണമെന്ന് സഹോദരനും മുന്‍ മന്ത്രിയുമായ കെ.ടി രാമ റാവുവിനെ അഭിസംബോധന ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു.
തെലങ്കാനയിലെ ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കിയ കെ.സി.ആറാണ് തന്റെ 'പ്രചോദനം' എന്ന് കവിത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനകള്‍ക്ക് താന്‍ ഇരയായെന്നും പാര്‍ട്ടി ഓഫീസിനുള്ളില്‍ നിന്നു തന്നെ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന കാര്യം രാമ റാവുവിനോട് പറഞ്ഞതായും കവിത പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റായ സ്വന്തം സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോള്‍ തനിക്ക് സാഹചര്യം മനസിലായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.