സ്വര്‍ണപ്പാളിയിലെ സ്വര്‍ണ നഷ്ടം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

സ്വര്‍ണപ്പാളിയിലെ സ്വര്‍ണ നഷ്ടം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു;  സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളിയിലുള്ള നാല് കിലോ സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം.

സഭയ്ക്കകത്തും പുറത്തും സമരമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണോ ശബരിമലയില്‍ മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവരുന്നതെന്ന തങ്ങളുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്വര്‍ണം അടിച്ച് മാറ്റിയതിന്റെ പാപം തീര്‍ക്കാനാണോ അയ്യപ്പ സംഗമമെന്ന് വി.ഡി സതീശന്‍ ചോദിച്ചു. മറുപടി കിട്ടാതെ വിശ്വാസികള്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കരുതെന്നും അദേഹം പറഞ്ഞു.

അതേസമയം ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതെന്നാണ് സ്പീക്കറുടെ നിലപാട്.

കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളില്‍ മുന്‍പ് അടിയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന് കൊതിക്കെറുവെന്നാണ് എംബി രാജേഷ് പറയുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് ശബരിമല സ്വര്‍ണപാളി കേസില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ശബരിമലയില്‍ നിന്നും 2019 ല്‍ എടുത്തു കൊണ്ട് പോയ 42 കിലോ സ്വര്‍ണപ്പാളി തിരികെ കൊണ്ട് വന്നപ്പോള്‍ 4 കിലോയോളം കുറഞ്ഞതിലാണ് അന്വേഷണം. ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.