ജിഎസ്ടി ഇളവ് നികുതി ഭാരത്തില്‍ നിന്നുളള മോചനം; ഇനി വിലക്കുറവിന്റെ ഉത്സവ കാലമെന്ന് പ്രധാനമന്ത്രി

 ജിഎസ്ടി ഇളവ് നികുതി ഭാരത്തില്‍ നിന്നുളള മോചനം; ഇനി വിലക്കുറവിന്റെ ഉത്സവ കാലമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി) ഇളവ് തിങ്കള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിങ്കള്‍ മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. ഇനി വിലക്കുറവിന്റെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മോഡിയുടെ പ്രഖ്യാപനം.

'ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികസനത്തെ ത്വരിതപ്പെടുത്തും. മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍, ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനമാകും.

നികുതി ഭാരത്തില്‍ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു രാജ്യം ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഈ പരിഷ്‌കാരത്തിന് തുടര്‍ച്ചയുണ്ടാകും'- പ്രധാനമന്ത്രി അവകാശപ്പെട്ടു.

നവരാത്രിയുടെ ആദ്യ ദിനത്തില്‍ 'ജിഎസ്ടി ബജത്' ഉത്സവം തുടങ്ങുകയാണ്, എല്ലാ വീട്ടിലും നാളെ മധുരം എത്തുന്നു എന്നായിരുന്നു മോഡി ജിഎസ്ടി പരിഷ്‌കരണത്തെ വിശേഷിപ്പിച്ചത്. ജിഎസ്ടി സേവിങ് ഉത്സവം അത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള യാത്രയുടെ സുപ്രധാന ചുവടു വയ്പാണ്.

നാളെ മുതല്‍ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും മരുന്നുകളുടെയും വില കുറയും. ഇത്തരം സാധങ്ങളില്‍ ഭൂരിഭാഗത്തിന്റെയും നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് എത്തും. സ്‌കൂട്ടര്‍, ബൈക്ക്, കാര്‍, ടിവി തുടങ്ങിയവയുടെ വില കുറയും.

പുതിയ വീട് നിര്‍മിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് സര്‍ക്കാര്‍ തീരുമാനം. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബില്‍ വരും. രാജ്യത്തെ സമസ്ത മേഖലയ്ക്കും നികുതി പരിഷ്‌കണം ഉണര്‍വ് നല്‍കുമെന്നും മോഡി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.