ബീജിങ്: രാജ്യത്തേക്കുള്ള കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (എസ്.ടി.ഇ.എം) മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ കെ. വിസയുമായി ചൈന. ഒക്ടോബര്‍ ഒന്ന് മുതല്‍ കെ. വിസകള്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു.
അമേരിക്കയിലെ എച്ച് 1 ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ട്രംപ് ഭരണകൂടം ഉയര്‍ത്തിയതിന് തൊട്ടു പിന്നാലെയാണ് ചൈനയുടെ നീക്കം. എസ്.ടി.ഇ.എം മേഖലയില്‍ നിന്നുള്ളവരാണ് അമേരിക്കയുടെ എച്ച് 1 ബി വിസയുടെ ആവശ്യക്കാരിലേറെയും.
നിലവില്‍ ജോലി, പഠനം, ബിസിനസ് തുടങ്ങി 12 വിഭാഗങ്ങളിലേക്കാണ് ചൈന വിസ അനുവദിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് പതിമൂന്നാമതായി കെ. വിസ എത്തുന്നത്.
കെ. വിസ കൊണ്ടു വരുന്നതിനുള്ള തീരുമാനം ഓഗസ്റ്റ് മാസം ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സിലാണ് കൈക്കൊണ്ടത്. വിദേശത്തു നിന്നുള്ള യുവ ശാസ്ത്ര സാങ്കേതിക പ്രതിഭകള്‍ക്കായി പ്രത്യേകമായി രൂപപ്പെടുത്തിയതാണ് കെ. വിസയെന്ന് ചട്ടത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ശാസ്ത്ര-സാങ്കേതിക മേഖലയില്‍ പഠനം നടത്തുന്നതോ ജോലി ചെയ്യുന്നതോ ആയ യുവാക്കള്‍ക്ക് വേണ്ടിയുള്ളതാണ് കെ വിസ. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഗവേഷക സ്ഥാപനങ്ങളില്‍നിന്നോ സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ മേഖലകളില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
വിദേശിയായ അപേക്ഷകനെ പ്രാദേശിക ചൈനീസ് കമ്പനി സ്പോണ്‍സര്‍ ചെയ്യേണ്ടതില്ല എന്നതാണ് കെ. വിസയുടെ മുഖ്യ ആകര്‍ഷണം. പകരം പ്രായം, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയാണ് കെ. വിസയ്ക്ക് പരിഗണിക്കുക.