കൊച്ചി: അഞ്ച്, 10, 25 കിലോഗ്രാം ബാഗുകളില്‍ വരുന്ന അരിയുടെ വിലയില്‍ ജിഎസ്ടി ഇളവ് ലഭിക്കില്ല. പായ്ക്ക് ചെയ്ത ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും ധാന്യപ്പൊടികള്‍ക്കും നിലവില്‍ അഞ്ച് ശതമാനമാണ് ജിഎസ്ടി. ഇതില്‍ കുറവ് വരുത്താത്തതിനാലാണ് വില കുറയാത്തത്.
അരി, അരിപ്പൊടി, ഗോതമ്പുപൊടി, പയര്‍വര്‍ഗങ്ങള്‍ എന്നിവയ്ക്ക് 25 കിലോഗ്രാമിന് മുകളിലുള്ള പാക്കറ്റിന് ജിഎസ്ടി ഇല്ല. ഇത് ഉപയോഗപ്പെടുത്താന്‍ 26, 40, 50 കിലോഗ്രാം പാക്കറ്റുകളാണ് (ചാക്ക്) ഉല്‍പാദകര്‍ വിതരണം ചെയ്യുന്നത്. പാക്കറ്റിലല്ലാതെ കടകളില്‍ നിന്ന് തൂക്കി വാങ്ങുന്ന ധാന്യങ്ങള്‍ക്കും ധാന്യപ്പൊടികള്‍ക്കും പയര്‍ വര്‍ഗങ്ങള്‍ക്കും ജിഎസ്ടിയില്ല.
ബ്രാന്‍ഡഡ് കമ്പനികളാണ് ആദ്യകാലത്ത് അരി, അരിപ്പൊടി, ഗോതമ്പുപൊടി, പയര്‍വര്‍ഗങ്ങള്‍ എന്നിവ പായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചിരുന്നത്. ഇപ്പോള്‍ കുടുംബ ശ്രീയും കര്‍ഷക ക്കൂട്ടായ്മകളും ചെറുകിട സംരംഭമായി ഇത്തരം സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. നാട്ടിന്‍ പുറങ്ങളിലെ പലചരക്ക് കടകളിലൂടെയാണ് കൂടുതലായി വിറ്റഴിക്കുന്നത്. ഗുണനിലവാരം, വിലക്കുറവ്, നാടന്‍ ഉല്‍പന്നം തുടങ്ങിയ പരിഗണനയും ഇവയ്ക്ക് ലഭിക്കും. ഉപഭോക്താക്കളും സാധാരണക്കാരാണ്.