'യു.എന്‍ സമ്മേളനത്തിന് എത്തിയപ്പോള്‍ മൂന്ന് ദുരൂഹ സംഭവങ്ങള്‍ നേരിടേണ്ടി വന്നു': അട്ടിമറി നീക്കം ആരോപിച്ച് ട്രംപ്

'യു.എന്‍ സമ്മേളനത്തിന് എത്തിയപ്പോള്‍ മൂന്ന് ദുരൂഹ സംഭവങ്ങള്‍ നേരിടേണ്ടി വന്നു': അട്ടിമറി നീക്കം ആരോപിച്ച് ട്രംപ്

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എത്തിയ തനിക്ക് മൂന്ന് ദുരൂഹ സംഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സംഘടനയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അട്ടിമറി നീക്കമാണെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ പൊതുസമ്മേളനത്തിനെത്തിയ തനിക്ക് ഒരേ ദിവസം മൂന്ന് അപകടങ്ങള്‍ സംഭവിച്ചതില്‍ താന്‍ അസ്വസ്ഥനാണ്. എസ്‌കലേറ്ററില്‍ വച്ചായിരുന്നു ആദ്യ സംഭവം. താനും ഭാര്യയും മുകളിലേക്ക് പോകുന്നതിനിടെ എസ്‌കലേറ്റര്‍ നിലച്ചു. ഇത് ഒരു അട്ടിമറി നീക്കമാണ്.

തുടര്‍ന്ന് താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി. മൂന്നാമതായി താന്‍ നടത്തിയ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ലെന്നും ഇയര്‍ പീസുകളില്‍ തകരാര്‍ ഉണ്ടായതായും ട്രംപ് ആരോപിച്ചു. സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.

'സംഭവിച്ചതൊന്നും യാദൃച്ഛികമല്ല, ഇത് യു.എന്നില്‍ നടന്ന മൂന്ന് അട്ടിമറിയാണ്. അവര്‍ സ്വയം ലജ്ജിക്കണം. ഈ കത്തിന്റെ ഒരു പകര്‍പ്പ് ഞാന്‍ സെക്രട്ടറി ജനറലിന് അയയ്ക്കുന്നു. സംഭവത്തില്‍ അടിയന്തര അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ യു.എന്‍ അധികൃതര്‍ തള്ളി. ട്രംപിന്റെ സംഘത്തിലെ വിഡിയോഗ്രാഫര്‍ എമര്‍ജന്‍സി സ്വിച്ച് അമര്‍ത്തിയതാണ് എസ്‌കലേറ്റര്‍ നില്‍ക്കാന്‍ കാരണം.

ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചത് യു.എന്‍ ജീവനക്കാരല്ല. ട്രംപിന്റെ സംഘത്തില്‍പ്പെട്ടവര്‍ നേരിട്ടാണ്. പ്രസംഗം കേള്‍ക്കുന്ന ഇയര്‍ പീസുകളിലെ തകരാറിനെ കുറിച്ച് വ്യക്തതയില്ലെന്നും യു.എന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംഭവത്തില്‍ യു.എസ് രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.