ബാഴ്സിലോണ: ലോക പ്രശസ്തമാണ് ബാഴ്സിലോണയിലെ ലാ സഗ്രഡ ഫാമിലിയ ബസിലിക്ക. നിർമ്മാണം ആരംഭിച്ച് 143 വർഷത്തിലധികമായിട്ടും പണി തീരാത്ത ദേവാലയം എന്ന പേരിലാണ് ബസലിക്ക അറിയപ്പെടുന്നത്. 172 മീറ്റർ ഉയരമുള്ള യേശു ക്രിസ്തുവിന്റെ ടവർ പൂർത്തിയായാൽ ദേവാലയം ചരിത്രത്തിലെ ഏറ്റവും വലിയ ബസലിക്ക എന്ന റെക്കോർഡ് സ്വന്തമാക്കും. 2026 ഓടെ ബസലിക്കയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഏഴ് വലിയ ഭാഗങ്ങളായി നിർമ്മിച്ച ക്രൂശ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്ഥാപിക്കുന്നതാണ്. ഭൂമിയിലെ മറ്റേതൊരു കെട്ടിടത്തിൽ നിന്നും വ്യത്യസ്തമായി ഈ അതിശയകരമായ പള്ളി കറ്റാലൻ മോഡേണിസത്തിന്റെ ഒരു തകർപ്പൻ ഉദാഹരണമായി കണക്കാക്കപ്പെടുന്നു.
പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള നിർമാണമാണ് പള്ളിയുടേത്. ലാറ്റിൻ കുരിശിന്റെ ആകൃതിയിലുള്ള അഞ്ച് നേവുകൾ ചേർന്നതാണ് ഇവിടം. 12 അപ്പോസ്തലന്മാരെ പ്രതിനിധീകരിക്കുന്ന നാല് ഗോപുരങ്ങൾ മൂന്ന് ബാഹ്യ മുഖങ്ങളിൽ നിന്ന് മുകളിലേക്കു നീണ്ടുനിൽക്കുന്നു. പള്ളിയുടെ മൂന്ന് പ്രവേശന കവാടങ്ങൾ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ഗുണങ്ങളെ പ്രതീകപ്പെടുത്തുന്നു.
അദ്ഭുതാവഹമായ വാസ്തുവിദ്യാ വിസ്മയമാണ് സഗ്രഡ ഫാമിലിയ. അക്ഷരാർത്ഥത്തിൽ പള്ളിയുടെ മുൻഭാഗം ഏതാണ്ട് ഒരു കഥാപുസ്തകം പോലെയാണ്. മൂന്ന് മുഖങ്ങളിൽ ഓരോന്നിലും യേശുവിന്റെ ജീവിത കഥയുടെ പ്രത്യേക ഘടകങ്ങൾ നിങ്ങൾക്കു കാണാനാകും.
പള്ളിയുടെ നിർമാണം ആരംഭിക്കുന്നത് 1882 ൽ വാസ്തുശില്പിയായ ഫ്രാൻസിസ്കോ ഡി പോള ഡെൽ വില്ലാറിന്റെ നേതൃത്വത്തിലാണ്. എന്നാൽ 1883-ൽ വില്ലാർ രാജിവച്ചപ്പോൾ ആന്റണി ഗൗഡി ചീഫ് ആർക്കിടെക്റ്റായി ചുമതലയേറ്റു. തന്റെ വാസ്തു വിദ്യയും എൻജിനിയറിങ് ശൈലിയും ഉപയോഗിച്ച് ഗോതിക്, കർവിലീനിയർ ആർട്ട് നോവ്യൂ രൂപങ്ങൾ സംയോജിപ്പിച്ച് ഇന്നു കാണുന്ന ദേവാലയത്തിന്റെ മാതൃക തയാറാക്കിയത് ഗൗഡിയാണ്.
ലോകമെമ്പാടുമുള്ള പത്ത് ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ഓരോ വർഷവും ഈ കലാസൃഷ്ടി കാണാൻ ഒഴുകിയെത്തുന്നത്. ആദ്യത്തെ കല്ലു പാകി നൂറ്റിനാൽപ്പതു വർഷങ്ങൾക്കിപ്പുറവും ലാ സഗ്രഡ ഫാമിലിയയ്ക്ക് ആരേയും ആകർഷിക്കുന്ന ഒരു ചരിത്രമുണ്ട്. ക്രെയിനുകളും പണിയായുധങ്ങളുമില്ലാതെ ഈ സ്ഥലം ആരും കണ്ടിട്ടില്ല ഈ കാലമത്രയും. ഇനി കുറച്ചു നാൾ കൂടി കഴിഞ്ഞാൽ പണികഴിഞ്ഞ ഈ വാസ്തുവിദ്യ അദ്ഭുതം കൺനിറച്ച് കാണാം.