ഹെയ്തിയിൽ സായുധ അക്രമി സംഘത്തിന്റെ ആക്രമണം; പത്ത് കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹെയ്തിയിൽ സായുധ അക്രമി സംഘത്തിന്റെ ആക്രമണം; പത്ത് കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയിലെ തലസ്ഥാന നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന രണ്ട് ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാംഗ് നിയന്ത്രിത പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്.

തലസ്ഥാനമായ സിറ്റേ സോളേ മേഖലയിൽ ഡ്രോൺ വഴി നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് എട്ട് കുട്ടികളും നിരവധി മുതിർന്നവരും കൊല്ലപ്പെട്ടു. ആക്രമണ സമയത്ത് പ്രാദേശിക ഗാംഗ് നേതാവിന്റെ ജന്മദിനാഘോഷം നടന്നു കൊണ്ടിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മനുഷ്യാവകാശ സംഘടനകൾ ഈ ആക്രമണത്തെ “നിയമവിരുദ്ധവും ക്രൂരവുമായ നടപടി” എന്ന് വിമർശിച്ചു. ജീവൻ രക്ഷിക്കാൻ വീടുകളിൽ നിന്ന് പുറത്തേക്കോടിയവരെ പോലും ലക്ഷ്യമിട്ട് വെടിവെച്ചതായി നാട്ടുകാർ ഭീതിപൂർവ്വം പറഞ്ഞു. തലസ്ഥാനത്ത് തന്നെയുള്ള ഒരു വീടിനു നേരെ സായുധ അക്രമി സംഘം അഴിച്ചുവിട്ട ആക്രമണത്തിൽ വീടിനുള്ളിലുണ്ടായിരുന്ന നാല് കുട്ടികൾ കൊല്ലപ്പെട്ടതായി രാജ്യത്തെ ശിശുക്ഷേമനിധി പ്രതിനിധി ഗീത നാരായൺ അറിയിച്ചു.

ഏറെ നാളുകളായി ഹെയ്തിയിലെ കുട്ടികൾ ആക്രമണങ്ങൾക്ക് ഇരകളാകുകയാണെന്നും ഇത് നിരവധി കുടുംബങ്ങളെയും കുട്ടികളുടെ സുരക്ഷിതത്വബോധത്തെയുമാണ് ഇല്ലാതാക്കുന്നതെന്നും യൂണിസെഫ് പ്രതിനിധി പ്രസ്താവിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.