വാഷിങ്ടൺ: ചാർളി കിർക്കിന്റെ ഭാര്യ എറിക്ക കിര്‍ക്ക് തന്റെ ഭര്‍ത്താവിന്റെ കൊലപാതകിയോട് ക്ഷമിച്ചു കൊണ്ട് നടത്തിയ പ്രസംഗം തന്നെ വ്യക്തിപരമായി സ്വാധീനിച്ചെന്ന് ഹോളിവുഡ് നടൻ ടിം അലന്‍. എറിക്കയുടെ പ്രസംഗം കേട്ടത് വഴി തന്റെ പിതാവിന്റെ ഘാതകനോട് 60 വര്‍ഷത്തിന് ശേഷം ക്ഷമിക്കാന്‍ സാധിച്ചെന്ന് ടിം അലന്‍ പറയുന്നു.
‘എന്റെ അപ്പനെ കൊന്ന ആളോട് ക്ഷമിക്കാന്‍ ഞാന്‍ 60 വര്‍ഷത്തിലേറെയായി കഷ്ടപ്പെടുന്നു. ഇപ്പോള്‍ ഞാന്‍ ആ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ പറയും: ‘എന്റെ അച്ഛനെ കൊന്ന ആളോട് ഞാന്‍ ക്ഷമിക്കുന്നു.‘- ടിം അലന്‍ എക്‌സില്‍ കുറിച്ചു.
1964-ല്‍ മദ്യപിച്ചു വണ്ടിയോടിച്ച വ്യക്തയുടെ വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അലന്റെ പിതാവ് മരിച്ചത്. പിതാവ് മരിക്കുമ്പോള്‍ അലന് 11 വയസായിരുന്നു.
യുഎസിലെ പ്രമുഖ ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ അദേഹത്തിന്റെ ഘാതകനോട് ക്ഷമിച്ചു കൊണ്ട് നടത്തിയ പ്രസംഗം ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ്.