രാജ്യം കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടില്‍: അഫ്ഗാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്‍; വിമാന സര്‍വീസുകളും നിലച്ചു

രാജ്യം കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടില്‍: അഫ്ഗാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്‍; വിമാന സര്‍വീസുകളും നിലച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ച് താലിബാന്‍. അധാര്‍മിക കാര്യങ്ങള്‍ തടയാനാണ് നിരോധനമെന്ന് താലിബാന്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ താലിബാന്‍ രണ്ടാഴ്ചയായി നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇതോടെ വിമാന സര്‍വീസുകളും നിലച്ചു.

രാജ്യം പൂര്‍ണമായും കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടില്‍ ആണെന്ന് ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ ഓഫിസുമായുള്ള മൊബൈല്‍ ഫോണ്‍ സേവനം ഉള്‍പ്പെടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടിവിയും അഫ്ഗാനിസ്ഥാനിലുടനീളം തടസപ്പെട്ടിരിക്കുകയാണ്.

2021ല്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ താലിബാന്‍ ഇസ്ലാമിക ശരിയത്ത് നിയമത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തിനനുസരിച്ച് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ഇത് ബാധിച്ചു. ബാങ്കിങ് സേവനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. ഇന്റര്‍നെറ്റിന് വേഗം കുറയുന്നതായി ആഴ്ചകളായി പരാതിയുണ്ടായിരുന്നു.

അതേസമയം ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി ബദല്‍ മാര്‍ഗം സൃഷ്ടിക്കുമെന്ന് നേരത്തെ താലിബാന്‍ പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.