ഫിലിപ്പീൻസിലെ ഭൂകമ്പത്തിൽ മരണം 60 ആയി; നൂറിൽ അധികം പേർക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങൾക്കിടെ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായി വിവരം

ഫിലിപ്പീൻസിലെ ഭൂകമ്പത്തിൽ മരണം 60 ആയി; നൂറിൽ അധികം പേർക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങൾക്കിടെ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായി വിവരം

ബോ​ഗോ: ഫിലിപ്പിൻസിലുണ്ടായ ഭൂചലനത്തിൽ മരണം 60ആയി. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നൂറിൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90,000 ത്തോളം ആളുകൾ താമസിക്കുന്ന തീരദേശ ന​ഗരമായ ബോ​ഗോയിൽ നിന്ന് 17 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. വിവിധ പ്രദേശങ്ങളെ ഭൂചലനം ബാധിച്ചിട്ടുണ്ട്. ന​ഗരങ്ങളെയും ​ഗ്രാമങ്ങളെയും ഒരുപോലെ ബാധിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബോ​ഗോയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ഒരു ​ഗ്രാമ പ്രദേശത്ത് ഭൂചലനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പാറക്കെട്ടുകൾക്കും മൺകൂമ്പാരത്തിനിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്.

സമീപ പ്രദേശങ്ങളെയും ഭൂചലനം ബാധിച്ചിട്ടുണ്ട്. റോഡുകൾ, വീടുകൾ, മതിലുകൾ എന്നിവയ്‌ക്ക് സാരമായ കേടുപാടുകളുണ്ടായി. ഭൂചലനത്തിന് പിന്നാലെ ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പ്രദേശവാസികളോട് സ്ഥലത്ത് നിന്ന് മാറി താമസിക്കാൻ നിർദേശിച്ച മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.