വാഷിങ്ടണ്‍: അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍. യുഎസ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിനായുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മില്‍ ധാരണയിലെത്തിയിരുന്നില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അവസാന ശ്രമം എന്ന നിലയില്‍ സെനറ്റില്‍ അവതരിപ്പിച്ച താല്‍കാലിക ഫണ്ടിങ് ബില്ലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാല്‍ പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണിലേയ്ക്ക് നീങ്ങിയത്.
ഇതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഭാഗികമായി അടച്ചുപൂട്ടി. യുഎസിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഇതോടെ സ്തംഭിക്കും. ഇനി അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഷട്ട്ഡൗണ്‍ അഞ്ച് ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കും.
'റിപ്പബ്ലിക്കന്മാര്‍ അമേരിക്കയെ ഒരു അടച്ചുപൂട്ടലിലേക്ക് തള്ളിവിടുകയാണ്. ഉഭയകക്ഷി ചര്‍ച്ചകള്‍ നിരസിക്കുന്നു. ഒരു പക്ഷപാതപരമായ ബില്‍ മുന്നോട്ട് വയ്ക്കുന്നു. അമേരിക്കയുടെ ആരോഗ്യ സംരക്ഷണത്തെ അപകടപ്പെടുത്തുന്നു.'- അടച്ചുപൂട്ടല്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് സെനറ്റ് ഡെമോക്രാറ്റായ ചക്ക് ഷൂമര്‍ പറഞ്ഞു.
രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നുവെന്ന തെറ്റായ വാദങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ ജനതയോട് കള്ളം പറയുക എന്നതാണ് റിപ്പബ്ലിക്കന്‍ തന്ത്രമെന്ന് അദേഹം പറഞ്ഞു. ഇത് തികച്ചും നുണയാണ്. അവര്‍ സത്യത്തെ ഭയപ്പെടുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അവധിയില്‍ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായാണ് സൂചന. ബില്ലില്‍ നിര്‍ത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം. എന്നാല്‍ ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ്ഹൗസ് നിഷേധിക്കുകയായിരുന്നു. ഇതോടെ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് പാര്‍ട്ടികള്‍ക്ക് വോട്ടെടുപ്പിലും സമവായത്തില്‍ എത്താനായില്ല.
1981 ന് ശേഷമുള്ള 15-ാമത്തെ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ആണ് ഇത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്ന പ്രത്യേക സാഹചര്യമാണ് ഷട്ട്ഡൗണ്‍. യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുന്‍പ് ഫണ്ട് അനുവദിക്കാന്‍ യുഎസ് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ഇതോടെ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്താന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് പറയുന്നത്.
2018-19ല്‍ 35 ദിവസം ഇത്തരത്തില്‍ യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ഉണ്ടായിട്ടുണ്ട്.