ദുബായ്: 2025 ഒക്ടോബര്‍ മുതല്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിക്കാനൊരുങ്ങുകയാണ് ലോകത്തിലെ തന്നെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സ്. പവര്‍ ബാങ്കുകള്‍ കൈയില്‍ കരുതുന്നതിനും വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ സ്വന്തം ഇലക്ട്രോണിക് ഡിവൈസുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്ത ശേഷം യാത്ര ആരംഭിക്കണമെന്നാണ് പുതിയ നിര്‍ദേശം. എമിറേറ്റ്‌സ് വിമാനത്തിലെ എല്ലാ സീറ്റുകളിലും ഇന്‍ സീറ്റ് ചാര്‍ജിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റുകള്‍, കാമറകള്‍ തുടങ്ങിയവയ്ക്ക് ഒപ്പം യാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ കൈയില്‍ കരുതുന്ന സാഹചര്യത്തിലാണ് നടപടി.
പവര്‍ ബാങ്കുകളിലെ ലിഥിയം അയേണ്‍ ബാറ്ററിയും ലിഥിയം പോളിമെര്‍ ബാറ്ററികള്‍ക്ക് തകരാറ് സംഭവിച്ചാല്‍ തീപിടിത്തത്തിന് കാരണമാകും എന്നതുമാണ് വിമാനക്കമ്പനിയുടെ തീരുമാനത്തിന് കാരണം. അപകട സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
എമിറേറ്റ്സിന് പുറമെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളും നേരത്തെ നിരോധനം നടപ്പാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശം അനുസരിച്ചാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.