പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് കസ്റ്റഡിയിൽ
ജറുസലേം: ഗാസ പൂർണമായി വളഞ്ഞതായും നഗരത്തെ വടക്കും തെക്കുമായി വിഭജിച്ചുവെന്നും ഇസ്രയേൽ. തന്ത്രപ്രധാനമായ നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചു.
ഗാസ നഗരത്തിൽ അവശേഷിക്കുന്ന ജനം എത്രയും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്യണം. നിർദേശം പാലിക്കാതെ നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് പ്രതിരോധ മന്ത്രി അന്ത്യശാസനം നൽകി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പുതിയ സമാധാന പദ്ധതി ഹമാസ് നിരസിച്ചേക്കാമെന്ന് സൂചന നൽകിയതോടെയാണ് ഇസ്രയേലിൻ്റെ ഈ പ്രഖ്യാപനം. ഗാസ നഗരത്തിന് ചുറ്റും സൈന്യം ഉപരോധം ശക്തമാക്കുകയാണെന്നും ഹമാസിനെതിരായ സൈനിക ആക്രമണം ശക്തമാകുന്നതോടെ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് അതിനെ വിച്ഛേദിക്കുകയാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
അതിനിടെ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രയേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തിൽ യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.