കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. താലിബാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്.
രാജ്യത്ത് ഭാഗികമായി കണക്റ്റിവിറ്റി പുനസ്ഥാപിച്ചതായി ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്ക്സും സ്ഥിരീകരിച്ചു. എല്ലാ ആശയവിനിമയ സംവിധാനങ്ങളും ബുധനാഴ്ച ഉച്ചയോടെ പുനസ്ഥാപിച്ചുവെന്ന് ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.
നിരോധനം പിൻവലിച്ചതോടെ ബുധനാഴ്ച വൈകുന്നേരം കാബൂളിലെ തെരുവുകളിൽ നിരവധിപേരാണ് ഒത്തുകൂടിയത്. ബന്ധുക്കളുമായി ഫോണിലൂടെ സംസാരിച്ചും സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങൾ കൈമാറിയും ജനങ്ങൾ സന്തോഷം പങ്കിട്ടു.
തിങ്കളാഴ്ചയാണ് രാജ്യത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 48 മണിക്കൂർ നീണ്ട തടസം വ്യാപാര മേഖലയെയും വിമാന സർവീസുകളെയും ഗുരുതരമായി ബാധിച്ചു. ഈ മാസം ആദ്യം തന്നെ ഇന്‍ര്‍നെറ്റിന്റെ വേഗത കുറച്ച് താലിബാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണമായ നിരോധനം വരുന്നത്.