എന്‍വിഗാഡോ (കൊളംബിയ): ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയില്‍ ഇഐഎ സര്‍വകലാശാലയിലെ സംവാദത്തില്‍ ഇന്ത്യയിലെ വോട്ട് കൊള്ളയെ സൂചിപ്പിച്ചായിരുന്നു അദേഹത്തിന്റെ വാക്കുകള്‍.
ഇന്ത്യയില്‍ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ഒരു ജനാധിപത്യ ഭരണ സംവിധാനം ഇത്തരത്തില്‍ എല്ലാവര്‍ക്കും ഇടം നല്‍കുന്നതാകണം. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യം എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ലോകത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യന്‍ ഘടനയ്ക്കുള്ളില്‍ ചില പിഴവുകളുണ്ട്. ഇന്ത്യ മറികടക്കേണ്ട അപകടങ്ങളുണ്ട്. ഏറ്റവും വലിയ അപകട ഭീഷണി ജനാധിപത്യത്തിനെതിരെ നടക്കുന്ന ആക്രമണമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള വിള്ളലാണ് മറ്റൊരു അപകട സാധ്യത. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളും ഇവിടെയുണ്ട്. ഈ വ്യത്യസ്ത പാരമ്പര്യങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുകയും അവയ്ക്ക് സ്വയം പ്രകടിപ്പിക്കാന്‍ ഇടം നല്‍കുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ചൈന ചെയ്യുന്നത് പോലെ ആളുകളെ അടിച്ചമര്‍ത്തുകയും ഒരു സ്വേച്ഛാധിപത്യ സംവിധാനമായി മുന്നോട്ടു പോകുകയും ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
1.4 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യ ചൈനയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ചൈന വളരെ കേന്ദ്രീകൃതവും ഏകീകൃതവുമാണ്. ഇന്ത്യയാകട്ടെ വികേന്ദ്രീകൃതമാണ്.
ഒന്നിലധികം ഭാഷകളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും മതങ്ങളുമുണ്ട്. ഇന്ത്യയുടേത് കൂടുതല്‍ സങ്കീര്‍ണമായ ഒരു സംവിധാനമാണ്. ആഗോള ഭൂപ്രകൃതിയില്‍ ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന പ്രസക്തിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുല്‍ വ്യക്തമാക്കി.